വെറ്റിലപ്പാറ: ഇരുപത്തിയെട്ടു വർഷത്തെ സേവനത്തിനുശേഷം വിരമിച്ച സൈനികന് ജൻമനാടിന്റെ സ്നേഹാദരം. ഇക്കഴിഞ്ഞ 31ന് സേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയ ജോം സി. ജോസിന് വെറ്റിലപ്പാറയിലെ ജനസമൂഹമാണ് വൻ സ്വീകരണമൊരുക്കിയത്. പതിനെട്ടാം വയസിലാണ് ജോം സി. ജോസ് ഇന്ത്യൻ സേനയുടെ യൂണിഫോം അണിഞ്ഞത്.
വെറ്റിലപ്പാറ വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. വാദ്യമേളങ്ങളുടെ അകന്പടിയോടെ തുറന്ന വാഹനത്തിൽ എത്തിയ ധീരജവാന് ജൻമനാട് അഭിവാദ്യങ്ങൾ അർപ്പിച്ചു. വെറ്റിലപ്പാറ സെന്റ് അഗസ്റ്റിൻ പള്ളി വികാരി ഫാ. അരുണ്‍ വടക്കേൽ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഷൈജു വെള്ളാപ്പുഴ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മുൻ സൈനികരായ സണ്ണി അഗസ്റ്റിൻ, സെനിത് മത്തായി, കെ.വി. ഉമേഷ് എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ബെന്നി പോൾ, കെ.പി. തോമസ്, അശോകൻ കരടംപള്ളി, തോമസ് പോൾ, പി.കെ. ജോസ്, വിന്നേഴ്സ് ക്ലബ് പ്രസിഡന്റ് തോമസ് മാത്യു, സെക്രട്ടറി ഡോ. കെ.എസ്. ടെന്നീസണ എന്നിവർ പ്രസംഗിച്ചു. പായസവിതരണവുമുണ്ടായിരുന്നു.